Sunday, December 31, 2017

വിടപറഞ്ഞ വര്‍ഷം












കൊഴിഞ്ഞു വീണ വര്‍ഷം
നമ്മിലിറ്റിച്ചു തന്നുപോയ്
ആനന്ദത്തിനലയടിയെങ്കിലും
നോവിന്‍റെ കൂടാരമായിരുന്നേറെയും

പിടി മുറുക്കിയ ദുരന്തങ്ങള്‍
താലൂരമായ് അതിവൃഷ്ടിയായ്
പലരാജ്യങ്ങള്‍ നാടുകള്‍ താണ്ടി
തകര്‍ത്തെറിഞ്ഞു പോയതും

പലായനങ്ങള്‍ പലതും
തീരാത്ത നോവുകളായ്
ഇടവഴിയില്‍ നഷ്ടമായനവധി
പ്രാണന്‍റെ കണക്കുകള്‍

അന്ത:ച്ചിദ്രങ്ങളില്‍ പൊലിഞ്ഞു
നാടിന്‍റെ നന്മനിറഞ്ഞവര്‍ പലര്‍
വര്‍ഗ്ഗീയവിഷം  ചീറ്റിയെങ്ങും
ക്രൂരമായ്‌ മാറിയ ബ്രഹ്മാണ്ഡവും

മാതൃകാപുണ്യജന്മങ്ങള്‍ പലതും
മന്നില്‍നിന്നു മണ്മറഞ്ഞതും
കാലത്തിന്‍റെ വികൃതിയില്‍
കവര്‍ന്നെടുത്ത സ്വപ്‌നങ്ങള്‍

കലാപങ്ങള്‍ നിറയുന്നുയെങ്ങും
പരസ്പരം പോരടിക്കുന്നു രാജ്യങ്ങള്‍
വിട്ടുവീഴ്ചകളില്ലയൊട്ടുമേ
ജനജീവിതം പൊറുതിമുട്ടുന്നു

പ്രതീക്ഷയുടെ ദീപ്തി ചിന്തി
വന്നണയുമീ വര്‍ഷദിനങ്ങള്‍
നന്മയുടെ പൂവുകള്‍ വിടരട്ടെ
പാരിലെങ്ങും പരക്കട്ടെ സുഗന്ധം   

Saturday, July 29, 2017

ഇതള്‍ മൊഴി


അക്ഷരങ്ങളുടെ ചിറകും
വീശിപറക്കും നിനവും
മങ്ങാത്ത മന്ദസ്മിതവും
തളരാത്ത മാനസവും
വര്‍ണ്ണപ്രശോഭിതമാമീ
പൂവിതള്‍ ചന്തവും
കൈക്കുടുന്നയില്‍ പേറി
ഹൃദയതൂലികായാനം
പ്രിയതരമാകുമൊരാ
താഴ്വര പന്തലില്‍
കൊരുത്തൊരു ഹാരം
ജന്മാന്തരത്തോളം
കാത്തുനില്‍ക്കുന്നുവോ

Thursday, June 29, 2017

തേടിയെത്തുന്ന സ്നേഹം

                           
                     സ്നേഹത്തില്‍ ആര്‍ക്കും  ഭാരമാകാതെ അകലേക്ക്‌ മാറിനടക്കുക .ശത്രുവായാലും മിത്രമായാലും സ്നേഹത്തിന്‍റെ വാക്കുകള്‍ക്കൊണ്ട് യാത്രപറഞ്ഞു പോവുക .ഉള്ളിലെ നീറുന്ന നോവുകള്‍ മറച്ചുകൊണ്ടു ചുണ്ടില്‍ പുഞ്ചിരിയോടെ മറ്റുള്ളവരെ സമീപിക്കുക .സങ്കടങ്ങള്‍ അടക്കുവാന്‍ കഴിയാതെ വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നുവയ്ക്കാതെ നാല് ചുമരുകള്‍ സാക്ഷിയായി പൊട്ടിക്കരയുക.കല്ലും മുള്ളും നിറഞ്ഞ വഴികളില്‍ തനിയെ നടക്കേണ്ടിവന്നാലും സഹായത്തിനായി ആരുടെ മുന്നിലും കൈകള്‍ നീട്ടാതിരിക്കുക.സഹായഹസ്തങ്ങള്‍ പിന്നീട് ബാധ്യതയുടെ ലക്ഷ്മണരേഖ നിങ്ങള്‍ക്ക്ചുറ്റും വരയ്ക്കപ്പെടും .കഴിവുകളുടെ ലോകത്ത് സ്വന്തം പ്രവര്‍ത്തികളില്‍  കുറവുകളും പോരായ്മകളും  ഉണ്ടായാലും തിരുത്തപ്പെടാന്‍ അപരന്‍റെ മുന്‍പില്‍ യാചനയുടെ അപേക്ഷയുമായി കടന്നു ചെല്ലാതിരിക്കുക.അക്ഷരങ്ങളുടെയും ചിത്രങ്ങളുടെയും സംഗീതത്തിന്‍റെയുമൊക്കെ സീമകള്‍ക്കപ്പുറം അദൃശ്യമായ ദൈവീകശക്തിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നിയോഗങ്ങള്‍ സമര്‍പ്പിച്ചു കാത്തിരുന്നാല്‍ കുത്തുവാക്കുകളില്ലാതെ വിരല്‍ചൂണ്ടലുകളില്ലാതെ  വെല്ലുവിളികളില്ലാതെ പോര്‍വിളികളില്ലാതെ സ്നേഹസാന്ത്വനമായ് തഴുകുന്ന കരുതല്‍ നമ്മളെ തേടിയെത്തും .

Tuesday, June 27, 2017

വസന്തം വിരിയിച്ച വഴികള്‍

               

                 ഇലത്തുമ്പിലെ മഞ്ഞുതുള്ളിയില്‍ സൂര്യകിരണങ്ങള്‍ പതിച്ച് പൊട്ടിച്ചിതറി ആയിരം പ്രഭ പൊഴിക്കുന്ന സന്തോഷമായിരുന്നു മീരക്ക് ആ നിമിഷം അറിയാതെ അവളുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകികൊണ്ടിരുന്നു .വിശാഖിന്‍റെ സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല .നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ ഒരു അച്ഛനും അമ്മയും ആകാന്‍ പോകുന്നു .നേരാത്ത നേര്‍ച്ചകളില്ല .പോകാത്ത സ്ഥലങ്ങളില്ല ചികിത്സിക്കാത്ത ആശുപത്രികളില്ല.എന്തായാലും ദൈവം തങ്ങളുടെ കണ്ണുനീര്‍ കണ്ടു ഈ നിമിഷം .ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ എന്നും പരിഹാസപത്രങ്ങളായിരുന്നു അവര്‍ .പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ മടിയായിരുന്നു .എന്തെങ്കിലും സംസാരിച്ചിരുന്ന് അവസാനം അവര്‍ക്ക് കുട്ടികളില്ലാത്തതിലായിരിക്കും ആ സംസാരം എത്തിച്ചേരുക . നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാണല്ലോ സ്വന്തം കുറവുകള്‍ ആര്‍ക്കുമില്ലാത്തപോലെയാണ് മറ്റുള്ളവരെ വിധിക്കാന്‍ കാണിക്കുന്ന വ്യഗ്രത .
അപരന്‍റെ വേദനയില്‍ ചേര്‍ത്തുപിടിച്ചില്ലങ്കിലും അവരെ കുത്തിനോവിക്കാനുള്ള തിടുക്കം ഒന്നു അവസാനിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .

                       മീരയും വിശാഖും ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ സന്തോഷം ഡോക്ടറുടെ കണ്ണുകളില്‍ പോലും സന്തോഷത്താല്‍  തിളക്കത്തിന്‍റെ നനവ് കാണാമായിരുന്നു .കൃത്യമായ ചെക്കപ്പുകള്‍ എല്ലാം നടന്നുകൊണ്ടിരുന്നു .പൂര്‍ണ്ണമായ വിശ്രമം ആവശ്യമായിരുന്നു .അധികം യാത്രകള്‍ പാടില്ലയെന്ന നിര്‍ദ്ദേശം അവര്‍ ദൂരെയുള്ള വീട് അടച്ചിട്ട് ആശുപത്രിയുടെ അടുത്ത് ഒരു കൊച്ചുവീട് വാടകക്കെടുത്തു .മീര നീണ്ട അവധിയെടുത്തു വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി .നാല്‍പതു പിന്നിട്ട മീരക്ക് ഗര്‍ഭത്തിന്‍റെ ആലസ്യങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു .വിശാഖിനും ജോലിസമയം കഴിഞ്ഞു ഓടി വീട്ടില്‍ എത്താനുള്ള തിടുക്കം .കൂട്ടുകാര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒരു അവസരം .പലപ്പഴും പലരുടെയും ആവലാതികളും നൊമ്പരങ്ങളും നമുക്ക് മനസ്സിലാകാറില്ല .കാരണം നമ്മള്‍ അവരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കാറില്ല .നമ്മള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ എത്ര വലുതാണെന്ന് ഓര്‍ക്കാറില്ല .അതുകൊണ്ട് തന്നെ എത്ര അടുത്ത സുഹൃത്ത് ആയാലും അവര്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത നമ്മള്‍ അറിയാറുമില്ല .

                    മാസങ്ങള്‍ നാലു കഴിഞ്ഞു .ഒരു ദിവസം മീരക്ക് കലശലായ വയറുവേദന .വേഗം തന്നെ വിശാഖന്‍ അവളെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പാഞ്ഞു .നേരത്തെ ഫോണ്‍ വിളിച്ചു പറഞ്ഞതിനാല്‍ ഡോക്ടര്‍ ഓ .പി യില്‍ നിന്നും പോകാതെ കാത്തിരുന്നു .അവളെ വേഗം തന്നെ പരിശോധന മുറിയിലേക്ക് കൊണ്ടുപോയി .സ്കാനിംഗ്‌ നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ അനക്കം കുറഞ്ഞിരിക്കുന്നു .വേഗം തന്നെ ട്രീറ്റുമെന്റുകള്‍ ആരംഭിച്ചു .ആ സമയത്തിനുള്ളില്‍ മീരയുടെ മാതാപിതാക്കളും സഹോദരങ്ങളും ഓടിയെത്തി .മീരക്ക് മൂത്തതായി രണ്ടു സഹോദരന്മാരും ഒരു ചേച്ചിയുമാണുള്ളത്‌ . എല്ലാവര്‍ക്കിടയിലും ഒരു മൗനം തളംകെട്ടി നിന്നു എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല.ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് പെട്ടന്ന് തന്നെ മീരയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി .ഡോക്ടര്‍ വിശാഖിനെ റൂമിലേയ്ക്ക് വിളിപ്പിച്ചു .ഇനി മീരക്ക് എപ്പോഴും ശ്രദ്ധ വേണം കൂടെ എപ്പോഴും ആളുവേണം ഏതു നിമിഷവും കുഴപ്പങ്ങള്‍ ഉണ്ടാകാം .അവളുടെ ഗര്‍ഭപാത്രത്തിനു വളരെ കനംകുറവാണ് .അതിനാല്‍ പ്രസവം കഴിയുംവരെ ഹോസ്പിറ്റലില്‍ തന്നെ തുടരുന്നതാകും നല്ലത് .എല്ലാവരും കൂടി ആ തീരുമാനത്തെ ശരിവച്ചു .പിന്നീടുള്ള മാസങ്ങള്‍ പ്രാര്‍ത്ഥനയുടെയും സങ്കടങ്ങളുടെയും ആകെ തുകയായിരുന്നു .എപ്പോഴും ഓരോരോ പ്രശ്നങ്ങള്‍ .പലപ്പോഴും അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ തന്നെ അപകടത്തിലാവുന്ന പ്രതിസന്ധിഘട്ടങ്ങള്‍ .ആ ഒരു വര്‍ഷക്കാലം അവരുടെ അഗ്നിപരീക്ഷണങ്ങളുടെ കാലമായിരുന്നു എന്ന് പറയാം .ഏഴു  മാസങ്ങള്‍ പിന്നിട്ടു പറഞ്ഞ ദിവസത്തിനും പതിനഞ്ചു ദിവസത്തിനു മുന്‍പ് തന്നെ മീരക്ക് ഓപ്പറേഷന്‍ വേണ്ടിവന്നു . സാഫല്യത്തിന്‍റെ തേന്മഴയുമായി മിടുക്കന്‍ ഒരു ആണ്‍കുഞ്ഞ് അവര്‍ക്ക് പിറന്നു .മീരയും വിശാഖും അറിഞ്ഞ അനുഭവിച്ച സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ ഇല്ല .

                   വര്‍ഷങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു.പൊന്നുണ്ണിയെന്ന ഓമനപേരില്‍ ശോഭിത്ത് വളര്‍ന്നു .അവന്‍റെ അഞ്ചാം പിറന്നാള്‍ ദിവസം രാവിലെ എല്ലാവരും കൂടി അമ്പലത്തില്‍ പോയിമടങ്ങുമ്പോള്‍ മുത്തശ്ശിയുടെയും മുത്തച്ഛന്‍റെയും കൈ പിടിച്ചു നടന്നതാണ് .വിധിയുടെ പ്രഹരമേല്‍പ്പിച്ചുകൊണ്ട്‌  വാഹനത്തിന്‍റെ രൂപത്തില്‍ മരണം മുത്തച്ഛനേയും പേരക്കിടാവിനേയും തട്ടിയെടുത്തു .മീര ബോധം നഷ്ടപ്പെട്ട് കുറേ  ദിവസങ്ങള്‍ തള്ളിനീക്കി .ബോധത്തിന്റെ തലത്തിലേക്ക് കടന്നു വന്നപ്പോള്‍ സമനില തെറ്റിയിരുന്നു .എപ്പോഴും പൊന്നുണ്ണിയെന്നു വിളിച്ചു കൊണ്ടിരിക്കും .ചിലപ്പോള്‍ അലറിക്കരയും ,മരുന്നിന്‍റെ ശക്തിയില്‍ അല്പമൊന്നു മയങ്ങും .ഒരു ദിവസം മീര ഉറങ്ങുന്നത് കണ്ടിട്ടാണ് വിശാഖന്‍ മരുന്ന് വാങ്ങാന്‍ പോയത് തിരികേ വരുമ്പോള്‍ അവരുടെ കിടക്കക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടം .മീരയുടെ ഉച്ചത്തിലുള്ള ബഹളം കേള്‍ക്കാം ഒപ്പം ഒരു പിഞ്ചുകുഞ്ഞിന്‍റെ വാ കൂട്ടാതെയുള്ള നിലവിളിയും.അവന്‍ എല്ലാവരെയും വകഞ്ഞുമാറ്റി  അടുത്തേക്ക് ചെന്നപ്പോള്‍ കണ്ടത് ഉണ്ടായിട്ട് ഒരു ദിവസത്തില്‍ കൂടുതല്‍ ആകാത്ത ഒരു കുഞ്ഞിനെ മീര കൈകളില്‍ മാറോടു ചേര്‍ത്തിരിക്കുന്നു വൈശാഖനും ആകെ അമ്പരന്നുപോയി എന്താണെന്നു ഒന്നും മനസ്സിലാകുന്നില്ല .അവന്‍ അടുത്തുചെന്നു മെല്ലെ മീരയുടെ അടുത്തിരുന്നു .സംശയത്തിനെ കണ്ണുകളിലൂടെയാണ് വിശാഖനേയും അവള്‍ കണ്ടത് .മയങ്ങാനുള്ള ഇഞ്ചക്ഷന്‍ നല്കി കുഞ്ഞിനെ മേടിച്ചെടുത്തു .ഈ നേരമത്രയും ആ കുഞ്ഞിനെ തേടി ആരും വന്നില്ലയെന്നുള്ളതാണ്  സത്യം .കുഞ്ഞിന്‍റെ അമ്മക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു .ആരേയും കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞില്ല .ഉടനെ പോലീസില്‍ വിവരമറിയിച്ചു .അവര്‍ ശിശുപരിപാലനകേന്ദ്രത്തിലേക്ക് ആ കുഞ്ഞിനെ മാറ്റി .

                    പോലീസില്‍ നിന്നും അന്വേഷണത്തില്‍ എത്തിയതില്‍ വിശാഖന്‍റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു .അവരുടെ എല്ലാം കാര്യങ്ങളും അയാള്‍ക്ക് അറിയാമായിരുന്നു . വിശാഖന്‍റെ ചിന്തകളില്‍ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തങ്ങിനിന്നു .ആ കുഞ്ഞ് എങ്ങിനെ മീരയുടെ കൈകളില്‍ വന്നു .ആരുടെ കുഞ്ഞ് ,ആരാണ് ആ കുഞ്ഞിനെ അവളുടെ കൈയ്യില്‍ കൊടുത്തത് .ചിന്തക്ക് തീ പിടിച്ചപ്പോള്‍ അയാള്‍ മെല്ലെ പുറത്തേക്ക്‌ നടന്നു .അലപ്സമയം പുറത്ത് ചുറ്റിക്കറങ്ങി .വീണ്ടും തിരികെയെത്തി .മീരയുടെ അമ്മയോട് അവനൊന്നു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങി . വീട്ടില്‍ വന്നതുത്തന്നെ ഒന്നു കുളിച്ചു ഫ്രഷ്‌ ആയി പോകാന്‍വേണ്ടിയാണ് .ഒന്നിനും ഒരു മൂഡും തോന്നുന്നില്ല .ജീവിതത്തില്‍ മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു .കുളികഴിഞ്ഞു ഡ്രസ്സ്‌ ധരിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അന്വോഷണതിനെത്തിയ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത് .അവരുടെ സംസാരം ആ കുഞ്ഞിനെക്കുറിച്ചായിരുന്നു .

         എന്തുകൊണ്ട് ഒരു കുഞ്ഞിനെ ദത്തെടുത്തു കൂടാ .അന്നുവരെ അവര്‍ അതൊന്നും ചിന്തിച്ചിരുന്നില്ല .ചിലപ്പോള്‍ ഒരു കുഞ്ഞിന്‍റെ സാമീപ്യം മീരയുടെ അസുഖം ഭേദമാക്കിയേക്കും.പിറ്റേന്ന് സുഹൃത്തിനോടൊപ്പം അവര്‍ ശിശുപരിപാലനകേന്ദ്രത്തിലെ ഡയറക്റ്ററെ പോയികണ്ടു .ആ കുഞ്ഞിനെക്കുറിച്ചായിരുന്നു അവിടെയും സംസാരിച്ചത് .വൈശാഖന്‍ ആ കുരുന്നുമുഖം ഒന്നേ കണ്ടോള്ളൂയെങ്കിലും മനസ്സില്‍ പതിഞ്ഞതുപോലെ .ചിലപ്പോള്‍ നമുക്കും അങ്ങനെ തോന്നാറില്ലേ .നമുക്ക് ഒത്തിരി ഇഷ്ടപെടുന്നതിനെ എത്ര ദൂരത്താക്കിയാലും ഒരു നിമിഷംപോലും  നമ്മളില്‍ നിന്നും അകന്നിരിക്കുന്നതായിട്ട്‌ തോന്നാറില്ല .മനസ്സെന്ന മാന്ത്രികചെപ്പില്‍ നിറഞ്ഞു തുളുമ്പികൊണ്ടിരിക്കും ചിലതെല്ലാം പതിഞ്ഞാല്‍ ശിലാലിഖിതമായി തെളിഞ്ഞുനില്ക്കും.

                    ആറുമാസം കഴിഞ്ഞു വരുവാന്‍ അവരോട് പറഞ്ഞ് മടക്കി അയച്ചു .അതുവരെ കുഞ്ഞിന്‍റെ അവകാശികള്‍ വന്നില്ലയെങ്കില്‍ നിയമപരമായി കുഞ്ഞിനെ അവര്‍ക്ക് നല്‍കാനുള്ള നടപടികള്‍ തുടങ്ങാമെന്ന് ഉറപ്പു നല്കി .വിശാഖന്‍ തിരിച്ചെത്തി മീരയുടെ അമ്മയോട് ഈ വിവരം പറഞ്ഞു .അല്പം സങ്കടത്തോടെയാണെങ്കിലും അവര്‍ക്കും തോന്നി നല്ലൊരു തീരുമാനമാണെന്ന്.ഒരു മാസത്തിനു ശേഷം മീരയെ വീട്ടില്‍ കൊണ്ടുവന്നു .ബഹളംമൊന്നും ഇല്ലങ്കിലും പഴയ ചിരിയും കളിയുമോന്നും ഇല്ല .വീട്ടില്‍ കിലുക്കാംപ്പെട്ടിയെപ്പോലെ ഓടിനടന്ന മീര .മൗനത്തിന്‍റെ കൂടാരത്തില്‍ ഒതുങ്ങി ക്കൂടി .അവളെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്കൊണ്ടുവരുന്നതിനും മുന്‍പേ പൊന്നുണ്ണിയുടെ എല്ലാം സാധങ്ങളും അവളുടെ കണ്ണെത്താത്തിടത്തേയ്ക്ക് മാറ്റിവച്ചു .പലപ്പോഴും നമ്മുടെ  മുന്നിലെ കാഴ്ചകളാണല്ലോ കൂടുതല്‍ വേദനിപ്പിക്കുക .ഓര്‍മ്മയുടെ കയങ്ങളില്‍ നോവിന്‍റെ നെരിപ്പോടുകള്‍ എരിക്കാന്‍ കഴിയുന്ന ചിലത് . വിശാഖന്‍ ജോലിക്ക്പോയിത്തുടങ്ങി. മീരയുടെ അമ്മയായിരുന്നു അവള്‍ക്ക് കൂട്ട്.മാസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു കാലത്തിന്‍റെ ഗതിവിഗതികള്‍ അങ്ങനെയാണല്ലോ .ആറുമാസം കഴിഞ്ഞപ്പോള്‍ മീരയേയും കൂട്ടി അയാള്‍ ഒരു ദിവസം ശിശുപരിപാലന കേന്ദ്രത്തില്‍പ്പോയി .മീര കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ സ്വയം മറന്നുപോയ നിമിഷങ്ങള്‍ . മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഓമനത്തം നിറഞ്ഞ ഈ നിഷ്കളങ്ക മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ എങ്ങനെയാണ് ഇവരെയൊക്കെ ഉപേക്ഷിച്ചു കടന്നുപോകുക .അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.ആ കരച്ചില്‍ വൈശാഖനേയും മറ്റുള്ളവരെയും ഭീതിപ്പെടുത്തി .വീണ്ടുമെന്തെങ്കിലും ഒരു ആവര്‍ത്തനം .ഇല്ല ഒന്നുമുണ്ടായില്ല .അവര്‍ തിരികേ വീട്ടിലെത്തി .മീര വൈശാഖന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു തന്‍റെ ഒരു ആഗ്രഹം പറഞ്ഞു .ഇതുപോലെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക് ആശ്രയവും അഭയവുമായി അവര്‍ക്കെല്ലാം അച്ഛനുമമ്മയുമായി നമ്മുക്കും മാറിയാലോ .ഒരുപാട് മക്കളുടെ മാതാപിതാക്കള്‍ ആകുവാനായി ദൈവം തരുന്ന ഒരു കണ്ണുതുറക്കലാകാം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം .മീരയുടെ ഈ സംസാരം വൈശാഖിനെപ്പോലും അത്ഭുതപ്പെടുത്തി .അവരുടെ തീരുമാനം സുഹൃത്തുക്കളെയെല്ലാം അറിയിച്ചു .അവരുടെ പൂര്‍ണ്ണപിന്തുണ അറിയിച്ചു .വൈശാഖന്‍റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവര്‍ പ്രശ്നമുണ്ടാക്കി .മക്കളില്ലാത്ത അവരുടെ സ്വത്തുക്കള്‍  അനാഥര്‍ക്ക് കൊടുക്കുമല്ലോയെന്നോര്‍ത്തപ്പോള്‍.

                   പിന്നീടുള്ള ദിവസങ്ങള്‍ അവരുടെ വീട്ടിലേയ്ക്ക് അനാഥത്വത്തിന്‍റെ  ലേബലില്‍ നിന്നും സനാതനത്തിന്‍റെ ചിത്രശലഭങ്ങള്‍ പറന്നെത്തി .പല പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അവര്‍ക്കിടയില്‍ അച്ഛനുമമ്മയുമായി വൈശാഖനും മീരയും .അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ ദീപം തെളിഞ്ഞു .കഴിഞ്ഞകാലങ്ങളില്‍  സംഭവിച്ച മുറിവുകള്‍ക്കെല്ലാം പുരട്ടുന്ന ഔഷധമായി ആ കുരുന്നുകളുടെ ചിരിയും കരച്ചിലും ആട്ടവും പാട്ടുമെല്ലാം .

                        കുഞ്ഞുങ്ങളെ തെരുവിലെറിഞ്ഞ് കടന്നുകളയുന്നവര്‍ അറിയുന്നുണ്ടോ ഒരു കുഞ്ഞില്ലാത്തതിന്‍റെ നൊമ്പരം .കുഞ്ഞുങ്ങളോട് ക്രൂരതകാണിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ ആ വേദനകള്‍ ,മാതാപിതാക്കളായ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ  മാസത്തില്‍ ഒന്നെങ്കിലും ഏതെങ്കിലുമൊക്കെ അനാഥാലയങ്ങളില്‍ കൊണ്ടുപോകുക .അവിടുത്തെ കുട്ടികളോടൊപ്പം കുറച്ചുസമയം ചിലവഴിക്കാന്‍ വിടുക, വീട്ടില്‍ എല്ലാറ്റിനും വാശിപിടിക്കുന്ന കുട്ടികളെ പ്രത്യേകിച്ചും .കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ നമുക്കുതന്നെ മനസ്സിലാകും നമ്മുടെ കുട്ടികളില്‍ വന്ന മാറ്റം .കണ്ടും അറിഞ്ഞും അവരുടെയിടയില്‍ നില്ക്കുമ്പോള്‍ സ്വന്തം കുടുംബത്തില്‍നിന്നും കുട്ടികള്‍ക്ക് കിട്ടുന്ന സുഖവും സന്തോഷവും മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കുന്നു .മാതാപിതാക്കള്‍ ശിക്ഷണം നല്‍കുമ്പോള്‍ സ്വന്തം നന്മക്ക് വേണ്ടിയാണെന്ന്തോന്നിത്തുടങ്ങും .മിക്ക കുട്ടികളേയും തെറ്റു കാണുമ്പോള്‍ ശാസിച്ചാല്‍ അവരോടുള്ള ഇഷ്ടകുറവ്കൊണ്ടാണെന്ന് അവരാദ്യം പറയും .അവരുടെ മനസ്സില്‍ തറഞ്ഞുകിടക്കുന്ന ഒരു ഭാവം അതാണ്‌ .ഇന്നത്തെ കുരുന്നുകള്‍ നാളത്തെ നാടിന്‍റെ ഭാവിയാണ് .ഒരുപാട് മീരമാരും വൈശാഖന്‍മാരും നമുക്കിടയിലുണ്ട് .സ്നേഹത്തിന്‍റെ സഹായഹസ്തവുമായി അവരെപ്പോലുള്ളവര്‍ക്കിടയില്‍ നമുക്കും കടന്നുചെല്ലാം.ആശ്വാസത്തിന്‍റെ വാക്കുകള്‍ പകരുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷം നമ്മുടെ കുഞ്ഞുങ്ങളും കണ്ടുവളരട്ടെ.





Saturday, June 24, 2017

മഷി പടര്‍ന്ന താളുകള്‍

മഷി പടര്‍ന്ന താളുകള്‍
***********************

          എഴുതി തീരാത്ത താളുകള്‍ കാത്തിരുന്നു ചുമപ്പു നിറത്തിലെ വടിവൊത്ത അക്ഷരങ്ങളുമായി ആ തൂലികയുടെ വരവിനായ് .......വ്രണിതമായ ഹൃദയനൊമ്പരത്തില്‍ പൊടിഞ്ഞുവന്ന മഷിക്കൂട്ടുകളായിരുന്നു ആ അക്ഷരങ്ങളില്‍ തെളിഞ്ഞതെന്ന് താളുകള്‍ അറിയാതെപോയി .നിലയ്ക്കാത്ത ഒഴുക്കുമായി തൂലിക പാതിവഴിയില്‍ നിറുത്തിയ അക്ഷരങ്ങള്‍ മഷിപടര്‍ന്ന് വായിച്ചെടുക്കാന്‍ കഴിയാത്തവിധം വികൃതമായി .പൂര്‍ണ്ണതയിലെത്തിക്കാന്‍ വീണ്ടും തൂലികചലിക്കാതെ പാതിയില്‍ ഒടുങ്ങിയ സ്നേഹപുഷ്പം .......അണയും മുന്‍പേ ആളിക്കത്തിയ അക്ഷരങ്ങളുടെ നിറചാര്‍ത്തുകള്‍ ....

Sunday, June 18, 2017

കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍


പ്രതീക്ഷയുടെ വസന്തവുമായി
അവനുചുറ്റും ഇതള്‍വിടര്‍ത്തി കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ക്ക്‌ 
വിരാമമിടാന്‍ കഴിയാതെ അവള്‍ മറഞ്ഞുനിന്നു
നാളെ വിടരാനായി നിന്ന മുകുളം വാടിയപോലെ
അവന്‍റെ ഹൃദയവും വാടിത്തുടങ്ങി .
ഏകാന്തത പലപ്പോഴും അസ്വസ്ഥതയുടെ സീമകള്‍ക്കപ്പുറമായിരുന്നിട്ടും  
ഒരു ചെറുദീപം  തെളിച്ച ചെരാത്‌ പലപ്പോഴും സ്നേഹത്തിന്‍റെ കൊടുമുടിയിലേക്ക് അവനെ വിരുന്നുകാരനാക്കി .മുന്നോട്ടുള്ള ദിനങ്ങള്‍ക്ക്‌ കാത്തുവയ്ക്കാന്‍ പുഞ്ചിരി സൂക്ഷിച്ചിരുന്നെങ്കിലും ചുണ്ടില്‍ വിഷാദത്തിന്‍റെ ലാസ്യഭാവങ്ങള്‍ ആയിരുന്നു മുന്നിട്ടു നിന്നത് .കയ്യെത്തും ദൂരത്തുവന്നു കൊതിപ്പിച്ചു വീണ്ടും കാത്തിരുപ്പുകള്‍ സമ്മാനിച്ച ദിനരാത്രങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങവേ മരവിച്ച മനസ്സുമായി കൊടുംങ്കാടിന്‍റെ ഈണങ്ങള്‍ തേടുവാന്‍ യാത്രയായി .വന്യമായ മുരള്‍ച്ചയോ വീശിയടിക്കുന്ന പിശറന്‍കാറ്റോ കൂര്‍ത്ത കല്ലുകളോ ഒന്നും മുന്നില്‍ വന്നതറിഞ്ഞില്ല. ഏതോ ഒരു രാഗമായ് പ്രാണനില്‍ ഒഴുകിയത് ആ സ്വരം മാത്രം .മുന്നില്‍ നിറഞ്ഞത്‌ മുല്ലമലരുകള്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന ആ മനോഹാരിതയും .........

നിരാശയുടെ തീരത്ത് യാത്രചെയ്യുന്നവര്‍ക്കായി അല്പസമയം നമ്മള്‍ മാറ്റിവച്ചാല്‍ .ഒന്ന് കേള്‍ക്കാന്‍ ശ്രമിച്ചാല്‍ നഷ്ടമായ അവരുടെ സന്തോഷത്തെ ചിലപ്പോള്‍ തിരികെനല്‍കാന്‍ കഴിഞ്ഞേക്കും ........

Friday, April 14, 2017

പാപിക്ക്‌ നല്‍കിയ പീഡിതന്‍റെ സ്നേഹം

                       
                                                                                                                                                                               പാപിയായ  ഞങ്ങളെ  എത്ര കരുണയോടെയാണ് നിന്നിലേയ്ക്ക് ചേര്‍ത്തുപിടിച്ചത് .നിന്‍റെ ദേഹത്തിലേറ്റ ഓരോ അടിയും ഞങ്ങളുടെ  പാപത്തിന് നീ നല്കിയ പരിഹാരസമ്മാനമായിരുന്നു . ശിഷ്യരുടെ കാലുകള്‍ കഴുകി നീ ചുംബിച്ചപ്പോള്‍ എളിമയെന്ന പുണ്യത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക്  പകര്‍ന്നു നല്കി .ഞാനെന്ന അഹങ്കാരം അത് കണ്ടില്ലന്ന്‍  നടിച്ചു .അറ്റത്ത്‌ കൊളുത്തുകള്‍ പിടിപ്പിച്ച ചാട്ടവാറില്‍ നിന്നുമേല്ക്കുന്ന ഓരോ പ്രഹരത്താല്‍  നിന്‍റെ മാംസം ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുമ്പോഴും കരുണയോടെ ഞങ്ങളെ  നോക്കിയിരുന്നത് ഞങ്ങള്‍   കണ്ടില്ല .മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും ആര്‍ത്തുവിളിക്കുമ്പോഴും നിശബ്ദനായി നിന്നതുപോലെ ഒരു വാക്കിന്‍റെ മുന്നില്‍ പോലും  ക്ഷമയോടെ നില്ക്കാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞിരുന്നില്ല . അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച നിന്‍റെ ദയ തിരിച്ചറിയാതെ പോയി .ആയിരത്തില്‍ ഒരംശം മറ്റുള്ളവരുമായി പങ്കിട്ടെടുക്കുവാന്‍ കഴിയാത്തവരായി .അളവില്ലാത്ത അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ ചൊരിഞ്ഞിട്ടും അതെല്ലാം സ്വന്തം  കഴിവുകൊണ്ട് നേടിയതാണെന്ന് സ്വയം ഗര്‍വ്വ്‌ കാട്ടിയവരായിരുന്നു .ദുഃഖിതര്‍ക്കും പീഡിതര്‍ക്കും എന്നും ആശ്വാസമായിരുന്ന നിന്‍റെ കരുതല്‍ തിരിച്ചറിയാതെ അനുകമ്പ ഞങ്ങളില്‍ നിന്നും അകറ്റി നിറുത്തി .വേദനിക്കുന്നവര്‍ക്ക് ആശ്വസമേകാനും കരയുന്നവരുടെ  കണ്ണുനീരൊപ്പാനും ആലംബഹീനരുടെ ഇടയില്‍ കടന്നുചെല്ലാനും ഞങ്ങളുടെ ഹൃദയം തുറന്നില്ല .പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞവരോട് നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെയെന്ന മൊഴികള്‍ കേട്ടിട്ടും അപരനെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്നവരാണ് ഞങ്ങള്‍ .ക്രൂശില്‍ പിടയുമ്പോഴും വലത്തുഭാഗത്തെ കള്ളന് സ്നേഹത്തിന്‍റെ സാന്ത്വനവചസ്സുകള്‍ പകര്‍ന്ന ഈശോയെ ഞങ്ങള്‍ക്ക് ചെറിയൊരു വേദനവരുമ്പോള്‍ അലമുറയിട്ടുകൊണ്ട് നിനക്കെതിരെ പിറുപിറുക്കുന്നവരായിമാറി  ഞങ്ങള്‍ . ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ചതല്ലേ .എന്നിട്ടും ഞങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അടികൂടി  നിന്നെ എത്രയധികം വേദനിപ്പിച്ചു .ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഇന്നും ഞങ്ങള്‍ നിന്നെ അണിയിച്ച മുള്‍കിരീടത്തിന്‍റെ മുള്ളുകള്‍ ആഴത്തിലേക്ക് പതിപ്പിച്ചുകൊണ്ടിരിക്കുന്നു .

                         പലപ്പോഴും നമ്മളും അറിഞ്ഞിട്ടും അറിയാത്തവരായി പെരുമാറാറില്ലേ കൂട്ടുകാരെ .....ഈ വിശുദ്ധവാരത്തില്‍ ക്രൂശിലേറിയ പീഡിതന്‍റെ ഓര്‍മ്മയില്‍ നമുക്കും  നമ്മുടെ ഹൃദയങ്ങളേ ശുദ്ധീകരിക്കാം.പിന്നിട്ട വഴികളെയോര്‍ത്ത് പാശ്ചാതപിച്ചുകൊണ്ട് മുന്നോട്ടുള്ള പാതയില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും കരുതലിന്‍റെയും ദീപങ്ങളായി പ്രകാശിക്കാം 

Saturday, April 8, 2017

മാമരച്ചില്ലകള്‍


മഞ്ഞുപുതച്ചൊരാ  മാമരച്ചില്ലകള്‍
മര്‍മ്മരംമൂളിയതെന്താണ് പെണ്ണേ
കുളിരുള്ളൊരോര്‍മ്മകള്‍ പുല്കീടവേ
നിന്‍ കുട്ടിക്കുറുമ്പെനിക്കേറെയിഷ്ടം!

ചുരുളില്‍ മറഞ്ഞൊരു മാലഖയായ്
ഇരുളില്‍ പ്രകാശം ചൊരിഞ്ഞവളേ
ഇടയില്‍ മയങ്ങി നീ പോയിടുമ്പോള്‍
പ്രദീപം  തെളിക്കാന്‍ മറന്നിടല്ലേ

കാറ്റിന്‍ ചിറകേറിയൂയലാടി
തുള്ളികിലുക്കങ്ങള്‍ പെയ്തിറങ്ങാന്‍
തൂമഞ്ഞിന്‍ കൂടാരതൊട്ടിലുമായ്
പൂന്തെന്നല്‍ പിന്നെയും മെല്ലെവീശി

രാവിന്‍റെ താരാട്ട് പാടീടുവാന്‍
രാക്കിളി പക്ഷങ്ങളാഞ്ഞുവീശി
പാതിരാമുല്ലകള്‍ പരിമളമേകിടാന്‍
പൂമൊട്ടുകള്‍ നിറയെ കാത്തുനിന്നു

പ്രഭാതം പ്രദീപ്തിയില്‍  മിഴിതുറന്നു
പത്രപുഷ്പം കതിര്‍ നീട്ടിനിന്നു
അരുണന്‍റെ ആനന്ദമലയടിച്ചു
പയോധികം മെല്ലെതിളങ്ങി വന്നു

പദികത്തില്‍ ചുംബിച്ച കടലലകള്‍
ചിണുങ്ങിച്ചിരിച്ചുകൊണ്ടകന്നുപോയി
പനിമതി വിണ്ണില്‍ കുളിച്ചു നിന്നു
പയോജങ്ങള്‍  ചേറില്‍ മിഴികള്‍ പൂട്ടി

Thursday, March 30, 2017

ഞാന്‍ നിന്‍റെമടിത്തട്ടില്‍

http://britishpathram.com/index.php?page=newsDetail&id=52374

കടലമ്മേ നിന്നെ കണ്ടങ്ങിരുന്നാല്‍
സമയചക്രങ്ങള്‍ ഓടുവതറിയില്ല
ഏകയായ് നിന്‍ തീരത്തണയുമ്പോള്‍
ഏതോ നിര്‍വൃതിയെന്നെ പൊതിയുന്നു

നിന്‍റെ മാറിലെ നീലിമയില്‍
നീന്തുമൊരു മാനസ കുരുന്നായ്
എന്‍ മിഴികളില്‍ നീ മാത്രമായ്
കുളിരുമ്മ വച്ചുകളിക്കുന്നു

നിന്നിലെ പാല്‍നുരകളെന്‍
പദികത്തില്‍ തൊട്ടുതലോടി
മാടിവിളിക്കുന്നു നിന്‍മടിയില്‍
പിച്ചവച്ചു കളിച്ചിടാനെന്നെയും

നിന്നിലെ മാദകഭംഗിയിലലിഞ്ഞു
അനന്തവിഹായസ്സിന്‍ ചാരുത
എന്‍ മിഴികളിലാവഹിച്ചൊരു-
പിഞ്ചുപൈതലിന്‍ പുഞ്ചിരി

അലകളായ് കൈനീട്ടിയെത്തിയെന്നരികെ
കുമ്പിളില്‍ നിറക്കുവാന്‍ നീര്‍മണികള്‍
പാറയില്‍ചിന്നിച്ചിതറിയകലുമ്പോള്‍
ഒളിക്കണ്ണാലെയെന്നില്‍ സ്നേഹമായ്

കൊതിതീരുംവരെയൊന്നിരിക്കാന്‍
കഴിയില്ലയിന്നുമെന്‍ പ്രിയമാനസേ
ഇനിമടങ്ങട്ടെയെന്‍ പാദുകമഴിച്ച്
നിന്‍ തീരത്തുപതിച്ചോരടയാളമായ്        

Wednesday, January 25, 2017

ഫക്കീര്‍


ത്യാഗം സഹിച്ചവര്‍ പൂര്‍വ്വികര്‍ !
നാടിന്‍റെ നന്മയെ കണ്ടവര്‍
സത്യമാം പാത തെളിക്കുവാനായി
ജീവന്‍ കൊടുത്തവരായിരുന്നു

ജന്മാന്തരങ്ങളെത്ര കഴിഞ്ഞാലും
ചിത്രങ്ങളില്‍നിന്നു തേച്ചുമായ്ചാലും
മങ്ങില്ലൊരിക്കലും നന്മ ലോകത്തില്‍
ത്യാഗപൂര്‍ണ്ണങ്ങളാം ജീവിതയാത്രകള്‍

ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു നാടിന്‍റെ
ആത്മസത്വമെന്ന തിരിച്ചറിവുകള്‍
കണ്ടെത്തുവാനിനിയൊരുജന്മം
ഭൂമിയില്‍ പിറവികൊണ്ടീടുമോ ?

അഹിംസതന്‍ പാതയിലെന്നും നടന്നു
ജന നന്മമാത്രം ജീവിതമാക്കിയും
ലക്ഷ്യങ്ങളെല്ലാം നേടിയെടുത്തു
ജീവന്‍വെടിഞ്ഞൊരു രാഷ്ട്രപിതാവിനെ

ആദരവോടെ നമിക്കാം നമുക്കെന്നും
സ്വാതന്ത്ര്യജീവിതം നമുക്കായ് നേടിയ
പൂര്‍വ്വികസ്നേഹത്തിന്‍ കൈവഴികള്‍
സ്മരിക്കാമെന്നും ജ്വലിക്കുന്നയഗ്നിയായ്

ചരിത്രമുറങ്ങുന്നയേടുകളൊരിക്കലും
മറയില്ല കാലയവനികക്കുള്ളില്‍
ചരിത്രം കുറിച്ചൊരു ഫക്കീറിനെപ്പോലെ
എത്ര ചമഞ്ഞാലും പകരമാകില്ലാരും