Saturday, August 31, 2013

പ്രാര്‍ത്ഥന


കാറ്റിനേയും കടലിനേയും
ശാന്തമാക്കിയ യേശുവേ
എന്‍മനതാരിലെ അലയാഴിയെ
ശാന്തമാക്കുവാന്‍ വന്നിടു

മഞ്ഞിന്‍ കണത്തിനു വെന്മയോടൊപ്പം
കുളിരേകിയ യേശുവേ
എരിഞ്ഞു നീറുന്നെന്‍ മനസ്സിനുള്ളിലെ
കനലണക്കുവാന്‍ നീ വന്നിടണെ

വിശന്നു  തളര്‍ന്നു വലയുംനേരം
ജീവന്‍റെ മന്ന നീയേകിടണേ
പൊരിവെയിലില്‍ ദാഹിച്ചുഴലുമ്പോള്‍
ജീവജലമെനിക്കേകിടണേ

സഞ്ചരിച്ചീടുന്ന പാതയിലെല്ലാം
കരം പിടിച്ചു നടത്തിടണേ
നൊമ്പരത്താലെന്‍റെ മിഴി നിറയുമ്പോള്‍
വിരല്‍ത്തുമ്പിനാല്‍ നീ തഴുകണമേ

മനുജ പാപം നീക്കിടുവാനായ്
സ്വയം ബലിയായ് തീര്‍ന്നവനെ
എന്‍ അന്തരാത്മാവിന്‍ പാപകറയെല്ലാം
നിന്‍ തിരു രക്തത്താല്‍ കഴുകീടണേ

നൂറു മേനിയേകാന്‍ പറ്റുംവിധമെന്റെ
ഹൃത്തടം വെട്ടിയൊരുക്കീടണേ
നിന്‍ നാമമെന്നുമീ പാരില്‍ പ്രഘോക്ഷിക്കാന്‍
നിന്‍ മകളായെന്നെ മാറ്റണമേ




Friday, August 30, 2013

കുഞ്ഞാങ്ങള


പിച്ച നടക്കുവാന്‍ തുടങ്ങിയ നാള്‍മുതല്‍
ഒരുപടി മുന്നിലായ് നിന്നവളെപ്പോഴും
കൂടപിറപ്പിനെ നുള്ളി നോവിക്കാതെ
ചേര്‍ത്തു നടന്നതാം കാല്‍പ്പാടുകള്‍

എന്‍റെ ചെറുപ്പത്തില്‍ അമ്മ കാണാതെ ഞാന്‍
മാവിന്‍റെ കൊമ്പിലായ്‌ഊഞ്ഞാലാട്ടി
കൈവിട്ടു താഴെ കിടന്നെന്റെ കുഞ്ഞാങ്ങള
പിഞ്ചു കൈ തണ്ടിലെ അസ്ഥികള്‍വിണ്ടു പോയ്‌

സ്കൂള്‍ വിട്ടു വന്നു ഞാന്‍ ആദ്യം തുറക്കുമെന്‍
മിട്ടായി പൊതിയുടെ കൊച്ചു ലോകം
മധുരം നുണയുമ്പോള്‍ ആ കുഞ്ഞു പുഞ്ചിരി
മനസ്സിലെ മങ്ങാത്ത ഓര്‍മ്മയാണിന്നും

രക്തബന്ധത്തിന്റെ  വിലയറിഞ്ഞീടുന്നു
മുന്നോട്ടു പോയ ഓരോ ദിനത്തിലും
കണ്ടുമുട്ടുമ്പോള്‍ വഴക്കുകൂടീടുന്നു
കാണാതിരിക്കുമ്പോള്‍ ഇടനെഞ്ചു വിങ്ങുന്നു

ജീവിത വഴികളില്‍ പകച്ചു നിന്നീടുമ്പോള്‍
കൂടെ ഞാനുണ്ടെന്ന്  ആശ്വസിപ്പിച്ചീടുന്നു
ദൂരത്തിരുന്നു ഞാന്‍ കേള്‍ക്കുന്നു ആ സ്വരം
എന്‍ ആത്മ സന്തോഷം നിര്‍വൃതികൊള്ളുന്നു

വിശേഷ നാളിലോ പുത്തനുടുപ്പുമായ്
ഓടിയെത്തീടുമെന്‍ കുഞ്ഞാങ്ങള.....
യാത്ര പറഞ്ഞു പിരിഞ്ഞുപോയീടുമ്പോള്‍
കാണാന്‍ കൊതിക്കുമെന്‍ കുഞ്ഞാങ്ങളെ....




Thursday, August 29, 2013

ഇരുളിന്റെ ആത്മാവ്


കഴിഞ്ഞ ദിനങ്ങള്‍ തന്‍ ഓര്‍മ്മയാല്‍
എന്തിനു വിലപിച്ചീടുന്നു ജന്മമേ
അരുതേ ....പഴിക്കവേണ്ട നീ
ഇന്നിന്റെ പച്ചപ്പിന്‍ ജീവിത യാത്രയില്‍

ഇന്നലെകള്‍ കൂട്ടായ് വരുമ്പോള്‍ 
നീയിന്നു ഇരുളിന്‍ വിലാപമായ്  മാറിയോ
എത്ര ചിന്തിച്ചാലുമെത്തിയില്ലേ നിന്നില്‍
നന്മ നിറഞ്ഞതാം സ്നേഹത്തിന്‍ കണിപൂക്കള്‍

എല്ലാമറിഞ്ഞിട്ടും എന്തിനുവേണ്ടി നീ
പിഞ്ചുപൈതല്‍പോല്‍  ശഠിക്കുന്നു
ഇരുട്ടകറ്റി  നിന്‍ വെളിച്ചമായ് മാറുവാന്‍
വന്നവര്‍ നിനക്കിന്നിരുട്ടിന്റെ  ആത്മാക്കള്‍

ഇന്നിന്റെ സൗഭാഗ്യമെല്ലാമുണ്ടായിട്ടും
സ്രഷ്ടവിന്‍ സ്നേഹം കാണാതെ പോകയോ
പിന്തിരിഞ്ഞെന്തിനു നില്‍ക്കുന്നു മാനവ
ഇരിട്ടിനെ പുല്‍കുന്ന രൂപമായ്‌

പച്ചപ്പിന്‍ നടുവിലണെന്നറിഞ്ഞിട്ടും
മരുഭൂവിലാണെന്ന് മൊഴിഞ്ഞു മറയുന്നുവോ
ജീവിത യാത്രയില്‍  കാണതെ പോകയോ
സ്നേഹം തുളുമ്പുന്ന ഹൃത്തടമൊക്കെയും

നല്ല പുലരികള്‍ നിനക്കായ്‌ ഉദിച്ചിട്ടും
വെറുമൊരു സ്വപ്നമായ് തള്ളികളഞ്ഞുവോ
നിന്നിലേക്കലിയാനായ്‌ നന്മതന്‍ രൂപമായ്
നിന്‍ പടിവാതിലില്‍ കാത്തു നിന്നില്ലയോ

ദു:ഖത്തിന്‍ മുള്ളുകള്‍ തറച്ച നിന്‍ ഹൃത്തിനെ
തിരിച്ചറിഞ്ഞീടുവാന്‍ കഴിയുന്നവന്‍ ഞാന്‍
പുല്‍കിയുണര്‍ത്തുന്നു കുളിര്‍തെന്നലായ്‌
ഒരിക്കലും പിരിയാത്ത പ്രപഞ്ചസത്യമായ്

ആരോടു തീര്‍ക്കുന്നു നിന്റെ പ്രവര്‍ത്തികള്‍
വെളിച്ചമുണ്ടായിട്ടും  ഇരുളിനെ പുല്‍കുവാന്‍ 
പ്രതികാരമാരോട് ...ചൊല്ലുനീ ....?
സ്രഷ്ടവിനോടോ ...നിന്നെ പുല്‍കിയ എന്നോടോ..?








Tuesday, August 27, 2013

കണ്ണട



ദൂരത്തെ കാഴ്ചകള്‍ചാരത്തു കാണാനും
ചാരത്തെ കാഴ്ചകള്‍ ദൂരത്തുകാണാനും
മങ്ങിയ കാഴ്ചതന്‍ മങ്ങലകറ്റാനും
ഒരു കൂട്ടായ് ഞാന്‍ നിന്‍റെ കൂടെ വേണം

ജീവിത യാത്രയില്‍ കൂട്ടുനടക്കുവാന്‍
എത്തുന്നു ഞാനുംകൊച്ചുപ്രായത്തിലും
വളര്‍ന്നു വരുംതോറുമെന്‍ ചില്ലുജാലകം
പല സമയങ്ങളില്‍ പുതുതാക്കി മാറ്റണം

വെള്ളെഴുത്തെന്നുള്ള ഓമനപേരിനെ
മങ്ങാത്ത കാഴ്ചകള്‍ കാണിക്കുന്നവന്‍ ഞാന്‍
യാത്രയിലെല്ലാം നയനങ്ങളെ കാത്തു
കൂട്ടായി എന്നും നിന്‍ കൂടെ നടക്കും

നിന്‍ ചെവി രണ്ടിലുംകാലുകളൂന്നി ഞാന്‍
നിന്‍ സഹചാരിയായ് കൂട്ടുനടന്നവന്‍
വിങ്ങുന്ന ചെന്നി തന്‍ നൊമ്പരമകറ്റാനും
ഒരു കുളിര്‍ തെന്നലായ് ഞാന്‍ കൂടെ വേണം

സൂര്യന്‍റെ ചൂടിലും ആശ്വാസമേകുവാന്‍
നിന്‍റെ മുഖത്തു ഞാന്‍ മുത്തമിട്ടീടണം
നിന്‍റെ  ഈ യാത്രയില്‍ എന്നെ പിരിയുവാന്‍
കഴിയില്ലോരിക്കലും എന്‍ പ്രിയ തോഴനെ

Monday, August 26, 2013

അനുതാപം


അദൃശ്യമാം നിന്‍ കരങ്ങളെന്നെ
താങ്ങി നടത്തുന്നു  നിത്യവുമേ
എന്നിട്ടുമെന്തേ അറിയാതിരുന്നു ഞാന്‍
പാപിയാണെന്നുള്ള സത്യം

വിരൂപമേശാതെ കാരുണ്യമോടെ
സുന്ദരമായെന്നെ സൃഷ്‌ടിച്ച ദൈവമേ
നന്മകളൊക്കെയും   ദാനമായിനല്‍കീട്ടും
നന്ദി ചൊല്ലീടുവാന്‍ മറന്നു പോയല്ലോ ഞാന്‍

പാഴ്മരുഭൂമിയില്‍ തണലായി വന്നിട്ടും
തണലിന്‍ മഹുത്വമറിയാതെ പോയിഞാന്‍
ഹൃദയകവാടത്തില്‍ മുട്ടി വിളിച്ചിട്ടും
വാതായനങ്ങള്‍ തുറക്കാന്‍ മടിച്ചു ഞാന്‍

കണ്ണുനീര്‍ കണങ്ങളെ മായ്ക്കുവാനായവന്‍
ആണിയാല്‍ മുറിഞ്ഞൊരാ കരങ്ങള്‍ നീട്ടി
പാപിയാമെന്നുടെ പാപങ്ങള്‍ നീക്കുവാന്‍
ക്രൂശിതനായിതാ കാല്‍വരികുന്നിന്മേല്‍

പശ്ചാത്തപിച്ചു ഞാന്‍ വന്നു നില്‍ക്കുന്നിതാ
പൂജാപുഷ്പമായ് നിന്‍തിരു സവിധേ
താഴ്മയായ് കേഴുന്നു കാരുണ്യവാരിധേ
സ്വീകരിക്കേണമീ കണ്ണീര്‍ സുമങ്ങളെ




Thursday, August 22, 2013

തെറ്റും ശരിയും



പാലമൃതൂട്ടിയ മാതവിനെയോ
സ്നേഹം വിളമ്പിയ പിതാവിനെയോ
വേര്‍ തിരിച്ചീടുവാന്‍ അറിയാതെ പോയോ
ലഹരിയാല്‍ മുങ്ങിയ നിന്‍ ചെയ്തികള്‍

മദ്യം വിളമ്പിയകൂട്ടുകരോക്കെയും
ഇന്നെവിടെ പോയി ഓര്‍ക്കുന്നുവോ നീ
ദൂര്‍ത്തടിച്ചീടുവാന്‍ പണത്തിനായല്ലയോ
തെറ്റുകള്‍ക്കെല്ലാം  നീ ആരംഭമിട്ടതും

നിന്‍ ചെയ്തി കണ്ടമ്മ നെഞ്ചുപൊട്ടീടുമ്പോള്‍
ആ കണ്ണുനീരിന്‍റെ നോവു നീ കണ്ടില്ല
അപ്പോഴുംനിന്നുള്ളില്‍ നുരഞ്ഞു പതഞ്ഞതോ
ലഹരിതന്‍ ലോകത്തിന്‍ മായാജാലം

അച്ഛന്റെ നെഞ്ചകം വിങ്ങി മുറിഞ്ഞതും
പൊട്ടികരയുവാന്‍ കഴിയാതെ നിറഞ്ഞ മിഴികളും
കാഴ്ചയുണ്ടയിട്ടും അന്ധനായ്‌ നിന്നു നീ
സ്നേഹബന്ധങ്ങളെ തട്ടിമാറ്റീടുവാന്‍

നീയില്ലയെങ്കിലെന്‍ ജീവിതമില്ലെന്നു
നീ ചൊല്ലിയ പെണ്‍കിളി ഇന്നെവിടെ
ആ കണ്ണുനീരിനെ തടയുവാനാവുമോ
നീ നേടിയ തെറ്റിന്റെ ആകെ തുകയാലെ

സമൂഹനന്മക്കായ്  ഇന്നു നീ പൊരുതുമ്പോള്‍
അറിയാതെയെങ്കിലും നീറുന്നു നിന്നുള്ളം
പ്രാശ്ചിത്തം ചെയ്തു നീ മുന്നോട്ടു പോകുമ്പോള്‍
ഉയരത്തിലേക്കു മുന്നേറുവാന്‍ കഴിയട്ടെ

Tuesday, August 20, 2013

കുറവിലെ കഴിവുകള്‍



അറിവിന്റെ ദീപമായ് വന്നവളെ
അഴകിന്റെ തൂവലായ് നിന്നവളെ
അക്ഷരംകൊണ്ടു കവിത ചമച്ചവള്‍
ചിത്രവര്‍ണ്ണങ്ങളാല്‍ വിരുന്നുമായ് വന്നവള്‍

മഷിയില്‍ മുക്കിയ തൂലികത്തുമ്പിനാല്‍
അക്ഷരനക്ഷത്ര മാലകള്‍ കോര്‍ത്തവള്‍
എഴുതിയതെന്തെല്ലാം കദനങ്ങളും
നിറഞ്ഞു തുളുംമ്പിയ സ്നേഹത്തിന്‍ ജാലവും

ക്യാന്‍വാസിനുള്ളിലായ്കോറി നീ ആദ്യമായ്
ഏതോനിയോഗംപോല്‍ നിന്‍ ജീവിതം
വര്‍ണ്ണ വസന്തത്തിന്‍  മായിക കാഴ്ചകള്‍
ചായകൂട്ടിനാല്‍ നീ ചമച്ചു

 പ്രകൃതിയാം അമ്മക്ക് സൗന്ദര്യമേകി നീ
നിറക്കൂട്ടില്‍ മുക്കിയ തൂലികയാല്‍
മാനും മയിലും ചിത്രശലഭങ്ങളും
പൂക്കളും വണ്ടും പുതിയൊരു പൂന്തോപ്പും

ഓരോ ദിനത്തിലും പുതിയതാം കാഴ്ചകള്‍
ഒരുക്കിയെനിക്കായ് നീ നല്‍കിയില്ലേ
നിനക്കായ്‌ നല്‍കിയ കുറവുകളെല്ലാം നീ
സഹജന് നന്മയായ് മാറ്റിയ ജന്മമേ

തൂലിക ചലിപ്പിക്കാന്‍ കരങ്ങളില്ലെങ്കിലും
കാല്‍വിരള്‍ത്തുമ്പിലായ്‌ ചാലിച്ച സൗന്ദര്യം
പുലരിയിലെന്നും ഞാന്‍ കാത്തുനിന്നീടുമേ
നീ നല്‍കും അഴകിനെ പുണരുവാനായി

Saturday, August 17, 2013

യാത്ര



ഒരു യാത്ര പോകുവാന്‍ വന്നതാണു ഞാന്‍
യാത്ര ചോദിക്കുവാന്‍ നിന്നതാണു ഞാന്‍

കാലന്തരത്തോളം ദേശാടനത്തിനായ്‌
കാഷായവസ്ത്രംധരിച്ചവാനാണ് ഞാന്‍

യാത്രയിലൊക്കെയും തനിച്ചായിരുന്നു ഞാന്‍
കൂട്ടായി വന്നതോ അദൃശ്യമാം സാനിധ്യം

ദേശാടന കിളിയായ് ഞാന്‍ മെല്ലെ മാറവേ
പ്രിതികൂലമനവധി  വട്ടമിട്ടെന്‍ ചുറ്റിലും

മരുഭൂമി യാത്രയില്‍ മണല്‍കാറ്റായും
കൊടുംങ്കാടിനുള്ളിലേ ഘോരസര്‍പ്പമായും

പായല്‍ നിറഞ്ഞരാ പാറകൂട്ടങ്ങളും
അലറി പാഞ്ഞെത്തുന്ന മലവെള്ള പാച്ചിലും

ഇതിനുള്ളില്‍ കണ്ടു ഞാന്‍ദൈന്യത്തിന്‍ രൂപങ്ങള്‍
പട്ടിണി പരിവട്ടമായ കോലങ്ങളും

ഭീതി നിറഞ്ഞരാ നയനങ്ങളാലെ
മരണത്തെ മുന്നിലായ് കണ്ടിരിക്കുന്നവര്‍

രാജ കൊട്ടാരത്തില്‍ വാഴുന്നു ചിലര്‍
ഗര്‍വോടെ ദൂര്‍ത്തിന്റെ മൂര്‍ത്തിഭാവങ്ങളായ്

എന്നിട്ടുമാര്‍ത്തിയാല്‍ പേക്കോലം തുള്ളുന്നു
 തന്നുടെ മാനം വെടിഞ്ഞും തുലച്ചും

ഇനിയൊരു ചുവടു മുന്നോട്ടു പോകുവാന്‍
മനസ്സു കൊണ്ടെന്നെ വിലക്കിയതാര്

അവസാന ദൂതുമായെത്തുന്ന മരണമോ
കൈ പിടിച്ചെന്നെ നടത്തുന്ന സ്രഷ്ടാവോ ?

Wednesday, August 14, 2013

ഭാരതാംബയുടെ മടിത്തട്ട്





ഭാരതാംബ തന്‍ മടിതട്ടിലിന്നു
പൈതലായ് ഓടി കളിക്കുവാന്‍ മോഹം
പിതാമഹന്‍മാര്‍ ജീവന്‍ കൊടുത്തും
ത്യാഗം സഹിച്ചും നേടിയ സ്വാതന്ത്ര്യം

എല്ലാമറിയാമെന്നാകിലും മര്‍ത്യന്‍
കളങ്കത്തിന്‍ ചേറ്റില്‍ കിടക്കുന്നതിപ്പോള്‍
സ്വാര്‍ത്ഥത പൂണ്ടു നടക്കുന്ന മനുജന്
അര്‍ഹതയുണ്ടോ ഈ സ്വാതന്ത്ര്യം നുകരുവാന്‍

ഓരോ വര്‍ഷത്തിലും ഘോഷം നടത്തുന്നു
ഗംഭീരതക്കും കുറവൊട്ടുമില്ലാതെ
ഒരു നേരം അന്നം കഴിക്കാത്തവനാരെന്നു
അറിയാത്തവരാണിന്നു നാമോരോരുത്തരും

സ്വാതന്ത്ര്യദിനത്തിന്‍റെ ആഘോഷലഹരിയില്‍
ഓര്‍ക്കുമോ മനുജാ നീ ആ നല്ല നാളുകള്‍
പൂര്‍വ്വികര്‍ നമുക്കായ് നല്‍കിയ സ്വാതന്ത്ര്യം
ആ നന്മ കളയാതെ കാത്തുസൂക്ഷിക്കുവാന്‍

ഈ ദിനം തൊട്ടു നമുക്കും അണിചേരാം
ദൃഡപ്രിതിജ്ഞയോടെ നേരിന്‍റെ നിറവില്‍
നീതിയും ന്യായവും നല്‍കുന്ന ഇന്നിന്റെ
പുതിയൊരു രാഷ്ട്രം പടുത്തുയര്‍ത്തീടാം

Tuesday, August 13, 2013

തിരനോട്ടം


കണ്ണീര്‍ തുടക്കുവാന്‍ കൈനീട്ടി നീയെന്‍റെ
മുന്നിലായ് വന്നന്നു നില്‍ക്കുംനേരം
എന്‍ കണ്ണീര്‍കണം വീണു പൊള്ളിനിന്‍ കൈകള്‍
ഞെട്ടി വലിച്ചു നീ പിന്നിലേക്ക്‌

എന്നന്തരത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌
അശ്വത്തെപോലെ കുതിച്ചുപാഞ്ഞു
കടിഞ്ഞാണ് പോയൊരാ കുതിരയെ പൂട്ടുവാന്‍
തേരാളിയായൊരാള്‍ അവതരിച്ചു 

 ജീവിത ചക്രത്തില്‍ ചെയ്യുന്ന  തെറ്റുകള്‍
കണക്കു ബോധിപ്പിക്കുവാന്‍ സമയമായോ
ഓര്‍ക്കുക മര്‍ത്യാ നീ ഓരോ നിമിഷവും
സൃഷ്ടാവിന്‍ കൈയിലെ നീര്‍കുമിള നീ

വെയിലേറ്റ് വിരിയുന്ന മഴവില്ല്കുമിളയില്‍
ആരും കൊതിക്കും ഭംഗിയോടെ
ജീവിതമാകുന്ന കുമിളതന്‍ സൗന്ദര്യം
നിമിഷങ്ങള്‍ കാഴ്ചതന്‍ മായാജാലം

ഞാനെന്ന ഭാവം വെടിഞ്ഞുനീ സ്വയമേ
തിരിഞ്ഞൊന്നു നോക്കുവാന്‍ മനസാകുമോ
ഓരോ ദിനത്തിലും നീ ചെയ്തു കൂട്ടിയ
തിന്മകള്‍ ഓര്‍ത്തുനീ തപിച്ചീടുക

ഇനിയുള്ള വഴികളില്‍ നന്മതന്‍ കിരണങ്ങള്‍
മറ്റുള്ളവര്‍ക്കു വിതറിനല്‍കു
അന്യന്‍റെ കണ്ണിലെ കരടിനെതേടുമ്പോള്‍
സ്വന്തമാംകണ്ണിനെ നോക്കുക മുന്‍പേ നീ

ഒരു വിരള്‍ അപരനെ ചൂണ്ടുന്നനേരത്ത്
തന്‍നേരെ തിരിയുന്നവിരലുകള്‍ നോക്കുവിന്‍
അപരന്‍റെ തെറ്റുകള്‍ തേടുന്ന നേരം നീ
മനസാക്ഷിയെ സ്വയം വിസ്തരിചീടുവിന്‍



Sunday, August 11, 2013

മഴയുടെവികൃതി



മഴയുടെ താണ്ടവം ആടി തിമര്‍ക്കുമ്പോള്‍
പെരുമ്പറ മുഴങ്ങുന്നു ഇടനെഞ്ചിലെപ്പോളും
എത്ര ദിനങ്ങള്‍ എണ്ണിയിരിക്കണം
തെളിയുന്ന മാനം കാണുവാനായി

ഭൂമിയാം ദേവിയെ പ്രണയിച്ചിടാതെ
ആ മടിതട്ടിനെ പ്രാപിച്ചിടുന്നു
മണി മന്ദിരങ്ങള്‍ പടുത്തുയര്‍ത്തീടുവാന്‍
ഭുമിതന്‍ മാറു പിളര്‍ക്കുന്നു അന്‍പേതുമില്ലാതെ

മര്‍ത്യന്റെ ക്രൂരത കണ്ടുമടുക്കുമ്പോള്‍
ഈശ്വരന്‍ പോലും കണ്ണടച്ചിടുന്നു
ദുരിതം വിതച്ചു കടന്നുവന്നീടുന്നു
പ്രികൃതിതന്‍ വികൃതിയായ് പല ഭാവങ്ങളില്‍

തണ്ടവമാടുന്ന വഴികളിലൊക്കെയും
നക്കിതുടച്ചു കടന്നുപോയീടുന്നു
പ്രകൃതി ദുരന്തമായ് കൊട്ടി ഘോഷിക്കുന്നു
മനുഷ്യന്‍റെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കുന്നു

എത്രയോ ജീവന്‍ പൊലിഞ്ഞുപോയ്‌
അറിയില്ലെനിക്കതിന്‍ കണക്കൊന്നുമേ
ഇനിയൊരു ദുരന്തത്തിന്‍ വാര്‍ത്ത കേള്‍ക്കാന്‍
കഴിയാതിരിക്കട്ടെ വരും നാളിലും

Friday, August 9, 2013

മിനി കവിതകള്‍

             കുറവുകള്‍
          ************                                  
എല്ലാം തികഞ്ഞെന്നഹങ്കരിക്കേണ്ട    
പൂര്‍ണ്ണതയെത്തിയതാരുമില്ല
അപരന്‍റെ കുറവുകള്‍ കണ്ടുകൊണ്ടെപ്പോളും
മുന്നോട്ടു ചുവടുകള്‍ വെച്ചീടുവിന്‍
ജീവിതമാകുന്ന മലര്‍വാടിയപ്പോള്‍
നന്മതന്‍ പൂക്കളാല്‍ നിറഞ്ഞിടുമെ
        
      അമ്മ
       

      
           അമ്മയെന്ന പുണ്യം
           എന്‍മനസ്സില്‍ എന്നും
           അഴകിന്‍റെ മഴവില്ലായ്‌
           സ്നേഹത്തിന്‍ തേന്‍കുടമായ്
           സഹനത്തിന്‍ മൂര്‍ത്തിയായ്
           സ്വാന്തന സ്പര്‍ശമായ്
           നീതിയുടെ ദേവതയായ്
           അണയാത്ത നിറദീപമെന്നും
          അമ്മയാണെന്നുടെ അമ്മ............
     




         വണ്ട്
        
ഒരു പൂവിന്‍ ചേലില്‍ മയങ്ങല്ലേ വണ്ടേ
ഇന്നു വിരിയുന്നു നാളെ കൊഴിയുന്നു
പിന്നെ നീ ഏകനായ്കണ്ണീര്‍ പോഴിക്കണോ?

സൗഹൃദസുഗന്ധം പരത്തുന്ന പൂക്കളെ
കറയറ്റ കണ്ണാലെ കണ്ടീടുക നീ
സ്വാര്‍ത്ഥത ഇല്ലാത്ത സൗഹൃദലോകത്തില്‍

പൂവായ് വണ്ടായ് മുന്നോട്ട് പോകുവിന്‍
ഇന്നത്തെ ലോകത്തിലില്ലാതെ പോയതും
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ കിരണമല്ലോ?
      
                                                                               ചിന്ത
                     
           നന്മയാം ചിന്തയാല്‍ മുന്നോട്ടുപോകുമ്പോള്‍
           കിട്ടാത്ത പലതിനും കിട്ടുന്നു പലതും

           കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിയാലും
           ആകെ തുകയായ് കിട്ടുന്നതൊക്കെയും

           നല്ലൊരു നാളെ നിനക്കായ്‌ ഒരുങ്ങുന്നു
           നന്മയുടെ പാതയില്‍ സഞ്ചാരിയാകുവാന്‍

   

    ആര്‍ക്കുവേണ്ടി
   
മനസിന്‍റെ മണിച്ചെപ്പ്‌ തുറന്നനേരം
ഒരായിരംചോദ്യങ്ങള്‍ ഉതിര്‍ത്ത നേരം

എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി
ഇതെല്ലാം നേടിയതാര്‍ക്കുവേണ്ടി

നേടിയതൊക്കെയും തന്നിടാം ഞാന്‍
തന്നീടുമോയെന്‍ ജീവന്‍റെ ജീവനെ

വീണ്ടുമൊരു ചോദ്യമായ് വന്നു മുന്നില്‍
ഈ ജന്മജീവിതം ആര്‍ക്കുവേണ്ടി ?

                                                                                                                                                                                                                 അരനിമിഷം
                                   
      പ്രിയ സുഹൃത്തെന്നു കരുതി ഞാന്‍
                  ചൊല്ലിയ കാര്യങ്ങളെല്ലാമേ
                  അരനിമിഷം കൊണ്ടു
                  മറ്റൊരു കാതില്‍ ചൊല്ലിയാല്‍
                   പ്രിയ സുഹൃത്തേ നിനക്കു
      പിന്നെയെന്തുസ്ഥാനംഎന്‍യാത്രയില്‍  ?






    നന്ദി
എനിക്കെഴുതുവാന്‍ കഴിവേകിയ നാഥാ
നിനക്കെന്നും നന്ദി ഞാന്‍ ചൊല്ലിടുന്നു

എന്നിലെ കുറവുകളെല്ലാമറിഞ്ഞു നീ
എന്‍ തൂലികതുമ്പിനു ഭാവമേകി


അക്ഷര നക്ഷത്ര മാല കോര്‍ക്കാന്‍
ഭാവനക്കെന്നുള്ളില്‍ നീ ജന്മമേകി

ആഗ്രഹമൊക്കെയും സഫലമാക്കീടുവാന്‍
ഈ ജന്മമെന്നെ  നയിച്ചീടെണം 

Saturday, August 3, 2013

രേഖചിത്രം

    

കടന്നു ചെല്ലുന്നോരാ പാതയിലൊക്കെയും
പ്രിതിബന്ധമേറെയുണ്ടായിരുന്നു
എല്ലാം മറികടന്നെത്തുന്ന നേരത്തും
വീണ്ടുമെത്തുന്നു പ്രതിസന്ധികള്‍

കണ്ണീര്‍  പൊഴിക്കുവാന്‍ തോന്നുമ്പോഴെല്ലാം
ഓര്‍ക്കുമേ കഷ്ടതയേറിയോരെ
പിന്നെ പൊഴിക്കുവാന്‍ കാത്തുവെക്കുമ്പോലെ
മിഴിനീരു താനേ മാഞ്ഞുപോകും

പെട്ടന്ന് പൊട്ടിത്തെറിക്കുവാനായുമ്പോള്‍
ഹിമമഞ്ഞുപോലാകുമാ നിമിഷം
ദൂരത്തെ കാഴ്ചകള്‍ കാണാമെന്നാകിലും
ചാരത്തെ കാഴ്ചകളെറെയിഷ്ടം

അമ്മകിളിയില്‍ നിന്നടര്‍ന്നു പോയപ്പോളോ
കുഞ്ഞിളം പൈതല്‍പോല്‍തേങ്ങി നിന്നു
ക്രോധശരങ്ങള്‍ക്ക്  മുന്നിലായ് നില്‍ക്കുമ്പോള്‍
ശാന്തമാം ദേവതപോലെ നിന്നു

സ്നേഹത്തിന്‍ സ്വാര്‍ത്ഥത അലറിവിളിച്ചപ്പോള്‍
ശാന്തമായൊഴുകുന്ന പുഴപോലായി
എല്ലാംതീര്‍ത്തോന്നു വിശ്രമിച്ചീടുവാന്‍
ഹൃത്തടമൊന്നു കൊതിച്ചുപോയ്